മലപ്പുറം: ഈ വര്‍ഷത്തെ ഹജജ് ക്യാമ്പുകൾക്കുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിലും പൂര്‍ത്തിയായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രില്‍ 30ന് കൊച്ചിയില്‍നിന്ന് ഉച്ചക്ക് 2.10ന് 430 തീർഥാടകരുമായി പുറപ്പെടും. ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം 29ന് കൊച്ചിയില്‍ നടക്കും. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലായി കേരളത്തില്‍ ഇത്തവണയും മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളാണുള്ളത്.
കേരളത്തില്‍നിന്ന് 13,194 പേരെയാണ് ഹജജിന് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ 7943 പേര് കൊച്ചിയില്‍നിന്നും 4279 പേര് കണ്ണൂരില്‍നിന്നും 944 പേര് കോഴിക്കോട്ടുനിന്നുമാണ് യാത്രയാകുന്നത്. കേരളത്തിലെ 28 പേര് മറ്റു സംസ്ഥാനങ്ങളിലെ പുറപ്പെടൽ കേന്ദ്രങ്ങളില്‍നിന്ന് പോകുന്നുണ്ട്. ലക്ഷദ്വീപ്-107, പോണ്ടിച്ചേരി-39, തമിഴ്നാട്-263, കര്‍ണാടക- 239, ഉത്തര്‍പ്രദേശ്-അഞ്ച്, മഹാരാഷ്ട്ര-രണ്ട്, തെലുങ്കാന-രണ്ട് എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഹാജിമാര്‍ കേരളത്തിലെ പുറപ്പെടൽ കേന്ദ്രങ്ങളില്‍നിന്നും യാത്രയാകുന്നുണ്ട്. ഫ്ലൈനാസ് എയര്‍ലൈന്‍സാണ് കൊച്ചിയില്‍നിന്ന് സർവിസ് നടത്തുന്നത്. കണ്ണൂരില്‍നിന്ന് മേയ് ആറ് മുതൽ ഫ്ലൈ അദീല്‍ എയര്‍ലൈൻസും കോഴിക്കോട്ടുനിന്ന് മേയ് 14 മുതല്‍ 17 വരെ ആകാശ എയര്‍ലൈൻസും സര്‍വിസ് നടത്തും.

0 Comments