സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പ്രവേശനം മെയ് 2 മുതൽ. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ഈ വർഷവും 5 വയസ്സായി തുടരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അടുത്ത അധ്യയന വർഷം മുതൽ മാർച്ച് 31-ന് 6 വയസ്സ് തികയണമെന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്സാണെങ്കിലും കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ചാണ് സംസ്ഥാനത്ത് 5 വയസ്സായി തുടരുന്നത്. വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള നിലമാനദണ്ഡം ഉള്ള ക്ലാസുകളിൽ പ്രവേശനത്തിന് ഓരോ വിഷയത്തിനും 30% മാർക്ക് ലഭിക്കുന്നവർക്ക് അർഹതയുണ്ട്. അവസാന നിമിഷം കുട്ടികൾക്ക് പ്രവേശനം നൽകുന്നത് പ്രായോഗികമല്ലാത്തതിനാൽ ഇപ്പോഴേ കുട്ടികളുടെ പ്രവേശനം ഉറപ്പാക്കണമെന്ന് പ്രഥമാധ്യാപകർക്ക് നിർദ്ദേശം നൽകി.
പ്രവേശന പരീക്ഷ നടത്തരുത്. 1 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികളിൽ നിന്ന് ഒരു തരത്തിലുള്ള ഫീസും ഈടാക്കരുത്. 9, 10 ക്ലാസുകളിലെ കുട്ടികളിൽ നിന്ന് സർക്കാർ നിർദ്ദേശിക്കുന്ന ഫീസ് മാത്രമേ ഈടാക്കാവൂ. പ്രവേശനത്തിന് കുട്ടികളുടെ കാര്യത്തിലെന്ന പോലെ തന്നെ രക്ഷിതാക്കളുടെ കാര്യത്തിലും മാനദണ്ഡം ഒന്നും നിലവിലില്ല. കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന വിദ്യാലയങ്ങളിൽ പ്രവേശനം നൽകണം.

0 Comments