LATEST

6/recent/ticker-posts

Header Ads Widget

ചൂടിന് ഇന്നും ശമനമില്ല; 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം


 സംസ്ഥാനത്ത് ചൂട് കനക്കുന്നതിനാൽ താപനില മുന്നറിയിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ജാഗ്രത നിർദേശം നിലനിൽക്കുന്നു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വടക്കൻ കർണാടകയും മഹാരാഷ്ട്രയും മുകളിലായി രൂപപ്പെട്ടിരുന്ന പ്രതിചക്രവാത വ്യവസ്ഥയാണ് നിലവിലെ ശക്തമായ ചൂടിന് പ്രധാന കാരണം. ഇതിന്റെ സ്വാധീനത്താൽ രാത്രിയിലും അന്തരീക്ഷം തണുപ്പില്ലാത്ത അവസ്ഥ തുടരുന്നു. കൂടാതെ ഇടിമഴമേഘങ്ങളുടെ രൂപീകരണവും ഇത് തടഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭ്യതയും കുറഞ്ഞിരുന്നു.


എന്നാൽ ഇന്ന് മുതൽ ഈ പ്രതിചക്രവാതം ദുർബലമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഇതോടെ അന്തരീക്ഷ താപനിലയിൽ ചെറിയ കുറവ് അനുഭവപ്പെടുകയും ഉച്ചയ്ക്ക് ശേഷം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത ഉയരുകയും ചെയ്യും. ഏപ്രിൽ അവസാന വാരത്തോടെ വേനൽമഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.


ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.


* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

Post a Comment

0 Comments