LATEST

6/recent/ticker-posts

Header Ads Widget

കനത്തചൂടിൽ നിയന്ത്രണം; ‘കുട്ടികൾക്ക് യൂണിഫോം വേണ്ട, പരിശീലനം രാവിലെ 10.30ക്ക് മുമ്പ് അവസാനിപ്പിക്കണം’; ബാലാവകാശ കമ്മീഷൻ



സംസ്ഥാനത്ത്  അനുഭവപ്പെടുന്ന കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തി സുപ്രധാന നിർദ്ദേശവുമായി ബാലാവകാശ കമ്മിഷൻ രംഗത്ത്. ഏപ്രിൽ–മെയ് മാസങ്ങളിൽ സ്കൂളുകളിൽ നടത്തുന്ന എല്ലാ പരിശീലനങ്ങളും രാവിലെ 10.30ന് മുമ്പ് അവസാനിപ്പിക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടു.

കുട്ടികളുടെ ക്ഷേമം പരിഗണിച്ച് കളികൾ, എൻ.സി.സി, എസ്.പി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരേഡ്, അസംബ്ലി, വിനോദയാത്രകൾ തുടങ്ങിയ പ്രവർത്തനങ്ങൾ താൽക്കാലികമായി ഒഴിവാക്കണമെന്നും ഫുൾബഞ്ച് നിർദ്ദേശിച്ചു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാറിന്റെയും അംഗങ്ങളായ ഷാജേഷ് ഭാസ്കർ, ഡോ. വിൽസൺ എന്നിവരുടെയും നേതൃത്വത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പരിശീലനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്നും, പകരം സൗകര്യപ്രദമായ വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ചൂട് കൂടിയ സാഹചര്യത്തിൽ രാവിലെ മുതൽ വൈകിട്ട് വരെ പരിശീലനങ്ങൾ നടത്തുകയും യൂണിഫോം ധരിപ്പിക്കുകയും ചെയ്യുന്നത് ബാലാവകാശ ലംഘനമാണെന്ന് കമ്മിഷൻ വിലയിരുത്തി.

കനത്ത ചൂട് കുട്ടികളിൽ ദേഹാസ്വാസ്ഥ്യം, ക്ഷീണം, നിർജ്ജലീകരണം, തലചുറ്റൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം എന്നതും കമ്മിഷൻ ചൂണ്ടിക്കാട്ടി. ചൂട് കുറഞ്ഞുവരുന്നതുവരെ ഈ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം, മലപ്പുറം സ്വദേശികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ഇടപെട്ടത്. നിർദ്ദേശങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടർ, എസ്.പി.സി സ്റ്റേറ്റ് നോഡൽ ഓഫീസർ, എൻ.സി.സി അഡീഷണൽ ഡയറക്ടർ ജനറൽ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചീഫ് കമ്മീഷണർ എന്നിവർ നടപ്പിലാക്കണം.


സ്കൂൾ പ്രവർത്തനങ്ങൾ എത്ര പ്രധാനപ്പെട്ടതായാലും, കുട്ടികളുടെ ആരോഗ്യവും സുരക്ഷയും അതിനുമുപരി പ്രാധാന്യമുള്ളതാണ്. ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇത്തരം നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ ആശ്വാസകരമാണ്.


Post a Comment

0 Comments