ബ്രസൽസ്: യുവേഫ നേഷൻസ് ലീഗിൽ ബെൽജിയത്തിനെതിരെ ഫ്രാൻസിന് ജയം.
മത്സരത്തിന്റെ എൺപത്തിയെട്ടാം മിനിറ്റിൽ മൈക്കൽ ഒലീസെ നേടിയ സോളോ ഗോളിലൂടെയാണ് ഫ്രാൻസ് ബെൽജിയത്തെ പരാജയപ്പെടുത്തിയത് (1-0). പരിക്കേറ്റ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ അഭാവത്തിൽ കളത്തിലിറങ്ങിയ ഫ്രാൻസിൻന്റെ ഈ ഇന്റർനാഷണൽ വിൻഡോയിലെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ അവർ തുർക്കിയെ പരാജയപ്പെടുത്തിയിരുന്നു.
പുതിയ പരിശീലകൻ സിനദിൻ സിദാന് കീഴിൽ തകർപ്പൻ തുടക്കമാണ് ഫ്രാൻസിന് ലഭിച്ചിരിക്കുന്നത്. തുർക്കിക്കെതിരെ കളിച്ച ടീമിൽ ഒമ്പത് മാറ്റങ്ങളുമായാണ് സിദാൻ ടീമിനെ ഇറക്കിയത്. ജെറമി ജാക്വെറ്റ്, ആൻഡി ഡിയൂഫ്, ലൂക്കാസ് ഡാ കുൻഹ എന്നിവർ ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മത്സരത്തിലുടനീളം ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബെൽജിയം ഗോളി സെന്നെ ലാമൻസ് മികച്ച സേവുകളിലൂടെ ഫ്രാൻസിൻ്റെ മുന്നേറ്റങ്ങളെ തടഞ്ഞു.
പന്ത്രണ്ടാം മിനിറ്റിൽ ഡെസിറെ ഡൗവിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ചും, പിന്നീട് ഡാ കുൻഹയുടെ ഒരു ഉജ്ജ്വല ശ്രമം പോസ്റ്റിലിടിച്ചും മടങ്ങിയത് ഫ്രാൻസിന് തിരിച്ചടിയായി. എന്നാൽ, അവസാന നിമിഷങ്ങളിൽ പകരക്കാരനായി ഇറങ്ങിയ ബയേൺ മ്യൂണിക് വിങ്ങർ ഒളീസെ മത്സരത്തിന്റെ ഗതിമാറ്റി. സ്വന്തം പകുതിയിൽനിന്ന് പന്തുമായി കുതിച്ച അദ്ദേഹം ബെൽജിയം പ്രതിരോധത്തെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഗ്രൂപ്പ് എ1-ൽ ആറ് പോയിന്റുമായി നിലവിൽ ഫ്രാൻസാണ് ഒന്നാം സ്ഥാനത്ത്. വരാനിരിക്കുന്ന വെള്ളിയാഴ്ച ഇറ്റലിക്കെതിരെയാണ് ഫ്രാൻസിന്റെ അടുത്ത മത്സരം.



0 Comments