ദേശീയപാത നിർമ്മാണം പുരോഗമിക്കുന്നതിനിടെ ആറുവരി ട്രാക്കുകള്‍ പൂർത്തിയായ ഇടങ്ങളിലുള്‍പ്പെടെ ഗതാഗത നിയമ ലംഘനങ്ങള്‍ തടയുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ലൈൻ ട്രാഫിക് കർശനമാക്കാൻ പൊലീസ്.
അമിത വേഗവും അശ്രദ്ധമായ ഓവർടേക്കിംഗും ഗതാഗത നിയമ ലംഘനങ്ങളും തടയാൻ മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് ആദ്യം ബോധവല്‍ക്കരണവും പിന്നാലെ നിയമ നടപടികള്‍ക്കുമാണ് നീക്കം. ഇതിന്റെ ഭാഗമായി ഹൈവേ പൊലീസ് സമൂഹ മാദ്ധ്യമങ്ങളിലുള്‍പ്പെടെ ലൈൻ ട്രാഫിക്കിനെപ്പറ്റി ബോധവല്‍ക്കരണം ആരംഭിച്ചു.
മഞ്ഞ വരകളുള്ള ഇടങ്ങളില്‍ ഓവർടേക്കിംഗ് പാടില്ല. ജംഗ്ഷനുകളിലും സീബ്ര ക്രോസിംഗുകളിലും ലൈൻ മാറാൻ പാടില്ല. ട്രാഫിക് സൈൻ ബോർഡുകളിലെ അടയാളങ്ങള്‍ കൃത്യമായി പാലിക്കണം.
ആറു ട്രാക്കുകളുള്ള ദേശീയ പാതയില്‍ ഇരുചക്ര വാഹനയാത്രക്കാർ റോഡിന്റെ വലതുവശം മീഡിയനോട് ചേർന്ന് വാഹനം ഓടിക്കുകയും അപകടങ്ങള്‍ വർദ്ധിക്കുകയും ചെയ്യുന്നുവെന്ന ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് നിരീക്ഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മീഡിയനോട് ചേർന്ന് വാഹനം ഓടിക്കുന്നത് സുരക്ഷിതമാണെന്ന തെറ്റിദ്ധാരണമൂലമാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാർ ഇത്തരത്തില്‍ ചെയ്യുന്നത്.
ആദ്യം ബോധവത്കരണം
ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് നിയമലംഘനങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണം.
ബോധവല്‍ക്കരണത്തിനുശേഷവും നിയമലംഘനം നടത്തുന്നവർക്കെതിരെ കേസെടുക്കാനും പിഴ ചുമത്താനുമാണ് തീരുമാനം.
തുടർച്ചയായി നിയമം ലംഘിച്ചാല്‍ ലൈസൻസ് റദ്ദാക്കലുള്‍പ്പെടെ കടുത്ത നടപടികള്‍ കൈക്കൊളളും.
ലൈൻ മാറുമ്പോള്‍ എന്താണ് ചെയ്യേണ്ടത്?
സാവധാനം പോകുന്ന വാഹനങ്ങളും ഭാരവാഹനങ്ങളും എപ്പോഴും ഏറ്റവും ഇടതുവശത്തുള്ള ലൈൻ ഉപയോഗിക്കണം.
സാധാരണ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് മധ്യഭാഗത്തെ ലൈൻ ഉപയോഗിക്കാം.
ലൈൻ മാറുന്നതിന് മുമ്പും പിമ്പും കൃത്യമായി ഇൻഡിക്കേറ്റർ ഉപയോഗിക്കണം.
റിയർ വ്യൂ മിററും സൈഡ് മിററുകളും ഉപയോഗിച്ച് പിന്നില്‍ നിന്നു വാഹനങ്ങള്‍ ശ്രദ്ധിച്ചശേഷമാകണം ലൈൻ മാറ്റം.
നിയമലംഘനങ്ങള്‍ അധികൃതരെ അറിയിക്കാനാവുമോ?
ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശുഭയാത്ര വാട്‌സ് ആപ്പ് നമ്പരിലേക്ക് (9747001099) ഫോട്ടോ, ഓഡിയോ, വീഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പർ ഉള്‍പ്പെടെ അറിയിക്കാം.
#TrafficUpdate #trafficsafety #mvdkerala #nh66



0 Comments