ഡൽഹി: എൽപിജി ഉപഭോക്താക്കൾക്ക് ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടിയിരിക്കുകയാണ്. നേരത്തെ അവസാന തിയതി ആഗസ്റ്റ് 23 ആയിരുന്നു. നിലവിലുള്ള ഉപഭോക്താക്കൾ ഉടൻ തന്നെ ഇ-കെവൈസി പൂർത്തിയാക്കണമെന്ന് എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും നിർദേശം നൽകിയിട്ടുണ്ട്
വ്യാജ രേഖകൾ ഉപയോഗിച്ചും മറ്റ് ആളുകളുടെ പേരിലും എടുത്ത കണക്ഷനുകൾ കണ്ടെത്താനും ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയാനുമാണ് ഇ-കെവൈസി നിർബന്ധമാക്കിയിരിക്കുന്നത്. വർഷങ്ങളായി കെവൈസി പുതുക്കാത്ത ഉപഭോക്താക്കൾ ഉടൻ തന്നെ മൊബൈൽ ആപ്പ് വഴിയോ ഗ്യാസ് ഏജൻസിയിൽ നേരിട്ടെത്തിയോ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ ഉടൻ വിച്ഛേദിക്കപ്പെടില്ലെങ്കിലും സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. സമയം കഴിഞ്ഞാൽ പുതിയ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. കൂടാതെ, ഇത് അവരുടെ എൽപിജി സബ്‌സിഡിയെ ബാധിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇ-കെവൈസി പൂർത്തിയാക്കിക്കഴിഞ്ഞാൽ തടസപ്പെട്ട സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെടുന്നതാണ്.
ഇ-കെവൈസി എങ്ങനെ പൂർത്തിയാക്കാം
• ഇന്ത്യൻ ഓയിൽ, ഭാരത് ഗ്യാസ്, അല്ലെങ്കിൽ എച്ച്പി ഗ്യാസ് എന്നീ ഔദ്യോഗിക ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
• ആപ്പിൽ രജിസ്റ്റർ ചെയ്ത് e-KYC / Re-KYC ഓപ്ഷൻ തെരഞ്ഞെടുക്കുക.
• Aadhaar Face RD App ഇൻസ്റ്റാൾ ചെയ്ത് ഫെയ്‌സ് സ്‌കാൻ (Face Authentication) വഴി വീട്ടിലിരുന്ന് തന്നെ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്.
അല്ലെങ്കിൽ നിങ്ങളുടെ എൽപിജി ഏജൻസി സന്ദർശിച്ച് ഇ-കെവൈസി പൂർത്തിയാക്കാം. ആധാർ കാർഡ്, ഗ്യാസ് പാസ്ബുക്ക് എന്നിവ കയ്യിൽ കരുതണം.



0 Comments