തിരുവനന്തപുരം : കേരളത്തിലെ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി അപകടകാരികളായ നായ്ക്കളെ കൊല്ലാൻ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി അറിയിച്ചു. മാരകമായ രോഗം ബാധിച്ചതോ അങ്ങേയറ്റം അക്രമാസക്തരായതോ ആയ നായ്ക്കളെ കൊല്ലുന്നതിന് നിലവിലുള്ള പ്രോട്ടോക്കോൾ കർശനമായി പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരുവുനായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്നതിനുള്ള എബിസി സെന്ററുകളുടെ എണ്ണം സംസ്ഥാനത്തുടനീളം വർദ്ധിപ്പിക്കും. നിലവിൽ മലപ്പുറം ജില്ലയിൽ ഒരൊറ്റ എബിസി സെന്റർ പോലും പ്രവർത്തിക്കുന്നില്ലെന്നും ഈ സാഹചര്യം ഗൗരവകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തെരുവുനായ്ക്കളെ മാറ്റി പാർപ്പിക്കുന്നതിനായി പ്രത്യേക ഷെൽട്ടറുകൾ ആരംഭിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ തെരുവുനായ്ക്കളേക്കാൾ ഇരട്ടിയോളം വളർത്തുനായ്ക്കളുണ്ടെന്ന് മന്ത്രി പറഞ്ഞു. വളർത്തുനായ്ക്കൾ പ്രസവിക്കുമ്പോൾ അവയുടെ കുഞ്ഞുങ്ങളെ പലരും പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതാണ് തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ പ്രധാന കാരണം.
ഇത് തടയാനായി വളർത്തുനായ്ക്കളെ കൃത്യമായി നിരീക്ഷിക്കുമെന്നും അവയ്ക്ക് ടാഗ് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. തെരുവുനായ പ്രശ്‌നത്തിൽ ശാശ്വതമായ പരിഹാരം കാണുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



0 Comments