LATEST

6/recent/ticker-posts

Header Ads Widget

കിലോക്ക് 80 രൂപ കടന്നു! സവാള വില കുതിക്കുന്നു

 




കോഴിക്കോട്: ഓണം കഴിഞ്ഞിട്ടും സവാള വില താഴോട്ടില്ല. ചില്ലറ വിൽപനയിൽ സവാള വില കിലോക്ക് 80 രൂപ കടന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിച്ചിരിക്കുകയാണ്. കാരണം ഒരു ഓംലറ്റ് അടിക്കാൻ പോലും മലയാളിക്ക് സവാളയില്ലാതെ പറ്റില്ല.


മാത്രമല്ല, ഒട്ടുമിക്ക കറികളിലും ബിരിയാണിയിലും സവാള പ്രധാനമാണ്. കോഴിക്കോട് പാളയം മാർക്കറ്റിൽ സവാളയുടെ മൊത്തവില 50 മുതൽ 55 രൂപ വരെയായി ഉയർന്നിട്ടുണ്ട്. എന്നാൽ ചില്ലറ വിപണിയിൽ എത്തുമ്പോൾ ഗതാഗതച്ചെലവും മറ്റ് ലാഭവിഹിതവും ചേർത്ത് അത് 80-85 രൂപയാകും. സവാള ഉൽപാദിപ്പിക്കുന്ന മഹാരാഷ്ട്ര ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയും വിളനാശവുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പെയ്ത മഴയാണ് സവാള ഉൽപാദനത്തെ ബാധിച്ചത്.

ജൂൺ, ജൂലൈ മാസങ്ങളിലെ ചൂടും ഈർപ്പവും സ്ഥിതി കൂടുതൽ വഷളാക്കി. ഇതോടെ ഫംഗസ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ സംഭരിച്ച സവാള നശിച്ചു. സാധാരണയായി എല്ലാ വർഷവും ഏകദേശം 25 ശതമാനം സവാള പല രീതിയിൽ കേടുപാടുകൾ സംഭവിച്ച് ഉപയോഗശൂന്യമാകാറുണ്ട്. ഈ വർഷം കനത്ത ഈർപ്പവും തുടർന്നുള്ള അഴുകലും കാരണം നാശനഷ്ടം 35 ശതമാനം മുതൽ 40 ശതമാനം വരെ സവാള അഴുകി നശിച്ചിട്ടുണ്ടെന്നാണ് കണക്ക്. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, ഇടനിലക്കാരുടെ അമിത ലാഭമെടുക്കൽ എന്നിവയും വിലക്കയറ്റം വർധിപ്പിച്ചു.

പഴയ സ്റ്റോക്ക് കഴിയുന്നതോടെ പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. സവാളയുടെ പ്രധാന മാർക്കറ്റായ പുണെയിലെ എ.പി.എം.സി മാർക്കറ്റിലേക്ക് ദിവസേന 125 ട്രക്ക് എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ എത്തുന്നത് 40-50 ട്രക്കുകൾ മാത്രമാണ്. വീടുകളെ മാത്രമല്ല, ഹോട്ടലുകളും കാറ്ററിങ് സ്ഥാപനങ്ങളിലും സവാള വില ഉയർന്നത് നന്നായി ബാധിച്ചിട്ടുണ്ട്.

Post a Comment

0 Comments