ഇസ്ലാമാബാദ്: ഇന്ത്യയിലെ കോക്രോച്ച് ജനത പാർട്ടി മാതൃകയിൽ പാകിസ്‌താനിലും വലിയ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് പാക് ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്വി. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന രോഷത്തെക്കുറിച്ച് സംസാരിക്കവെയാണ് രാജ്യത്തെ ഭരണകൂട സംവിധാനങ്ങൾ പൂർണ്ണമായും തകർന്നുവെന്ന് അദ്ദേഹം സമ്മതിച്ചത്.
തകർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയും കനത്ത കടബാധ്യതയും കാരണം യുവാക്കളുടെ പ്രതിഷേധം പാകിസ്‌താനിലെ സകലതിനെയും അട്ടിമറിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യം കനത്ത കടക്കെണിയിലാണെന്നും ഓരോ വർഷവും കൂടുതൽ കടം വാങ്ങുകയല്ലാതെ പ്രതിസന്ധി പരിഹരിക്കാൻ നടപടികളില്ലെന്നും നഖ്‌വി വ്യക്തമാക്കി. കഴിഞ്ഞ 70 വർഷമായി ഈ തകർന്ന സിസ്റ്റത്തെയാണ് രാജ്യം മുന്നോട്ട് കൊണ്ടുപോകുന്നത്.
യുവാക്കൾക്ക് ആവശ്യമുള്ളത് നൽകാൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. "നിങ്ങൾക്ക് അവരെ യുവാക്കളെന്നോ പാറ്റകളെന്നോ എന്ത് വേണമെങ്കിലും വിളിക്കാം, പക്ഷേ, ഈ പാറ്റകൾ ഒന്നിച്ചുകൂടിയാൽ അവർക്ക് എല്ലാം മറിച്ചിടാൻ കഴിയും," നഖ്വി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും പേപ്പർ ചോർച്ചയ്ക്കും എതിരെ അഭിജീത് ദീപികെയുടെ നേതൃത്വത്തിൽ നടന്ന കോക്രോച്ച് ജനത പാർട്ടിയുടെ (സി.ജെ.പി) പ്രക്ഷോഭങ്ങളെ പരാമർശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രതിഷേധങ്ങളെത്തുടർന്ന് ഇന്ത്യയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടി വരികയും പേപ്പർ ചോർച്ച വിരുദ്ധ ബിൽ പാർലമെന്റ് പാസാക്കുകയും ചെയ്‌തിരുന്നു.



0 Comments