LATEST

6/recent/ticker-posts

Header Ads Widget

പെരുന്നാൾ ദിനത്തിലും കരുതലായി 'ആക്സിഡന്റ് റെസ്ക്യൂ ടീം'; തെരുവിൽ കഴിയുന്നവർക്ക് സ്നേഹത്തിന്റെ ബിരിയാണി പൊതികൾ വിതരണം ചെയ്തു

 


​മലപ്പുറം: ആഘോഷപ്പൊലിമയിൽ ലോകം മുഴുകുമ്പോൾ, ആരും ഓർക്കാതെ പോകുന്ന തെരുവിലെ മനുഷ്യർക്ക് പെരുന്നാൾ മധുരമേകി ' ആക്സിഡന്റ് റെസ്ക്യൂ 24×7 ഹെൽപ്പിങ് and റിപ്പോർട്ടിങ് ടീം'. പെരുന്നാൾ ദിനത്തിലും തെരുവിൽ അലയുന്നവരെ മറക്കാതെ, സ്നേഹവും കരുതലും നിറഞ്ഞ നാനൂറോളം ബിരിയാണി പൊതികളാണ് സംഘടനയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്തത്.

​തുടർച്ചയായ ആറാം വർഷമാണ് സംഘടന മുടങ്ങാതെ ഈ കാരുണ്യപ്രവർത്തനം നടത്തിവരുന്നത്.


ഇത്തവണ കൂടുതൽ വിപുലമായ രീതിയിലാണ് ഭക്ഷണ വിതരണം സംഘടിപ്പിച്ചത്. അപകട-ദുരന്തനിവാരണ മേഖലകളിൽ എപ്പോഴും സജീവ സാന്നിധ്യമായ ഈ സന്നദ്ധ സംഘടന, റമദാൻ മാസത്തിൽ വാഹനയാത്രക്കാർക്കായി ഹൈവേകളിൽ സൗജന്യ നോമ്പുതുറ വിഭവങ്ങൾ ഒരുക്കിയും മുൻപ് ശ്രദ്ധേയരായിട്ടുണ്ട്.


​മലപ്പുറം ജില്ലാ സെക്രട്ടറി ജംഷാദ് പടിക്കൽ, ജില്ലാ ട്രഷറർ നൗഫൽ കോട്ടക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടന്നത്. സംഘടനയുടെ സജീവ പ്രവർത്തകരായ രാജേന്ദ്രൻ പരപ്പനങ്ങാടി (ജില്ലാ വൈസ് പ്രസിഡന്റ്), അഷറഫ് പാലച്ചിറമാട് (ജില്ലാ ജോയിന്റ് സെക്രട്ടറി), അഷ്റഫ് വി.കെ പടി (ജില്ലാ രക്ഷാധികാരി), സലിം പുകയൂർ (സ്റ്റേറ്റ് രക്ഷാധികാരി), ഷെഫീഖ് സി.കെ നഗർ (സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), കോയ ചേളാരി (ജില്ലാ രക്ഷാധികാരി) എന്നിവരും, ഏരിയാ ലീഡർമാരായ ഷിബിലി കോഴിച്ചിന, യാസീൻ പടിക്കൽ, മൻസൂർ ഓലപ്പീടിക, ലത്തീഫ് തിരൂരങ്ങാടി എന്നിവരും വിതരണത്തിന് ചുക്കാൻ പിടിച്ചു.


​പ്രോഗ്രാം കോഡിനേറ്ററും സംസ്ഥാന സെക്രട്ടറിയുമായ ജംഷീർ കൂരിയാടൻ, സംസ്ഥാന പ്രസിഡണ്ട് സഫൽ കക്കാട്, അൻസാർ ബുസ്താൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആഘോഷ നാളുകളിൽ ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ ജീവകാരുണ്യ പ്രവർത്തനം പൊതുസമൂഹത്തിന്റെ വലിയ പ്രശംസ പിടിച്ചുപറ്റി.

Post a Comment

0 Comments