വേനല്‍ അവധിക്കാലം ആഘോഷിക്കാൻ ഊട്ടിയിലേക്ക് പോകുന്നവർക്കായി ഇതാ പുതിയൊരു അറിയിപ്പുകൂടി. 128-ാമത് ഊട്ടി പുഷ്പമേള (Ooty Flower Show 2026) ഈ മാസം ആരംഭിക്കുന്നതാണ്.


ഊട്ടിയെ ഇഷ്ടപ്പെടുന്നവർ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ഊട്ടി പുഷ്പമേള. മെയ് മൂന്ന് (നാളെ) മുതല്‍ പുഷ്പമേളയുമായി ബന്ധപ്പെട്ട പരിപാടികള്‍ ആരംഭിക്കുമെന്നാണ് വിവരം. എന്നാല്‍ മെയ് 15 മുതല്‍ മേയ് 21 വരെയാണ് പുഷ്പമേള ആരംഭിക്കുന്നതെന്നാണ് വിവരം. എല്ലാ വർഷവും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സഞ്ചാരികളാണ് പുഷ്പമേള ആസ്വദിക്കേണ് ഊട്ടിയിലേക്ക് എത്തിച്ചേരുന്നത്.


സാധാരണയായി മെയ് മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് പുഷ്പമേള ആരംഭിക്കുക. മെയ് നാലിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനാല്‍ പുതുതായി രൂപീകരിക്കുന്ന സർക്കാരായിരിക്കും ഔദ്യോഗിക തീയതി പുറത്തുവിടുക. എന്നാല്‍ പുഷ്പമേള സംഘടിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സ്ഥലത്ത് പുരോഗമിക്കുകയാണ്. ഊട്ടി ഗവണ്‍മെന്റ് ബൊട്ടാണിക്കല്‍ ഗാർഡനിലാണ് എല്ലാ കൊല്ലവും പുഷ്പമേള അരങ്ങേറുന്നത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് സാധാരണയായി പ്രവേശനം അനുവദിച്ചിരുന്നത്.


പരിപാടികള്‍ എന്തെല്ലാം?


ഡോഗ് ഷോ: മെയ് 8 മുതല്‍ 10 വരെ (ഗവ. ആർട്സ് കോളേജ് ഗ്രൗണ്ട്)

റോസ് ഷോ: മെയ് 10 മുതല്‍ 12 വരെ (ഗവ. റോസ് ഗാർഡൻ)

ഫ്ലവർ ഷോ: മെയ് 15 മുതല്‍ 21 വരെ (ഗവണ്‍മെന്റ് ബൊട്ടാണിക്കല്‍ ഗാർഡൻ)

ഫ്രൂട്ട് ഷോ: മെയ് 24 മുതല്‍ 26 വരെ (സിംസ് പാർക്ക്, കുന്നൂർ)

ഇ-പാസ് (E-Pass) നിർബന്ധം


ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും എത്തുന്ന എല്ലാ വിനോദസഞ്ചാര വാഹനങ്ങള്‍ക്കും ഇ-പാസ് നിർബന്ധമാക്കിയിട്ടുണ്ട്. നീലഗിരി ജില്ലയിലേക്കും പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ഇ-പാസ് നിർബന്ധമാണ്. വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാനാണ് മദ്രാസ് ഹൈക്കോടതി ഇ-പാസ് നിർബന്ധമാക്കിയത്. ഇതു പ്രകാരം തമിഴ്‌നാട് സർക്കാർ ഈ സംവിധാനം നടപ്പിലാക്കുകയും ചെയ്തു. യാത്രക്കാർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി ഇ പാസ് എടുക്കാവുന്നതാണ്. വണ്ടിയുടെ നമ്പറും യാത്രക്കാരുടെ വിവരങ്ങളും നല്‍കിയാല്‍ ഉടൻ തന്നെ പാസ് ലഭിക്കും. ഈ പാസ് ചെക്ക് പോസ്റ്റുകളില്‍ കാണിച്ചാല്‍ മാത്രമെ പ്രവേശനം സാധ്യമാകുകയുള്ളൂ.


അപേക്ഷിക്കേണ്ട വിധം?


1. തമിഴ്നാടിൻ്റെ ഔദ്യോഗിക ഇ-പാസ് പോർട്ടല്‍ സന്ദർശിക്കുക


2. 'ഇന്ത്യയ്ക്കുള്ളില്‍' അല്ലെങ്കില്‍ 'ഇന്ത്യയ്ക്ക് പുറത്ത്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക


3. 'ലക്ഷ്യസ്ഥാനം' ആയി നിങ്ങള്‍ പോകുന്ന സ്ഥലം തിരഞ്ഞെടുക്കുക


4. വാഹന വിശദാംശങ്ങള്‍, യാത്രാ തീയതികള്‍, യാത്രക്കാരുടെ വിവരങ്ങള്‍, ഐഡി പ്രൂഫ് എന്നിവ നല്‍കുക. ചെക്ക്‌പോസ്റ്റില്‍ കാണിക്കാൻ പ്രിന്റൗട്ട് എടുക്കാൻ മറക്കരുത്.


പ്ലാസ്റ്റിക് ഒഴിവാക്കുക


ഈ പാസ് എന്നപോലെ ഊട്ടിയിലേക്ക് പോകുന്ന എല്ലാ വിനോദ സഞ്ചാരികളും പ്ലാസ്റ്റിക് കൊണ്ടുപോകാൻ പാടില്ല. മേഖലയില്‍ പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചിരിക്കുന്ന വസ്തുവാണ്. പ്ലാസ്റ്റിക് കുപ്പികള്‍, ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, സ്പൂണുകള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ വാഹനങ്ങളില്‍ ഒരു കാരണവശാലും സൂക്ഷിക്കരുത്. കാരണം ചെക്ക് പോസ്റ്റുകളില്‍ കർശനമായ പരിശോധനയുണ്ടാകും. പിടിച്ചെടുത്താല്‍ നല്ലൊരു തുക പിഴ ഈടാക്കാനും സാധ്യതയുണ്ട്.


ഗതാഗത നിയന്ത്രണങ്ങള്‍


യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ മേയ് ഒന്ന് മുതല്‍ ഊട്ടിയില്‍ വലിയ വാഹനങ്ങള്‍ക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മേട്ടുപ്പാളയത്ത് നിന്ന് വരുന്ന വിനോദസഞ്ചാര വാഹനങ്ങള്‍ കുന്നൂർ വഴി വരാതെ കാട്ടേരി ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് സെലാസ്, കെട്ടി വഴി ഊട്ടിയിലേക്ക് പ്രവേശിക്കണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ നിർബന്ധമായും കോത്തഗിരി വഴി മാത്രമേ മടങ്ങാവൂ. കുന്നൂർ ഘട്ട് റോഡ് വഴിയുള്ള ഇറക്കം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഗുഡല്ലൂർ വഴി വരുന്ന കേരള രജിസ്ട്രേഷനിലുള്ള വലിയ വാഹനങ്ങളും HPF ജംഗ്ഷനില്‍ പാർക്ക് ചെയ്യാനാണ് നിർദ്ദേശം. അവിടെ നിന്ന് തമിഴ്നാട് ഗതാഗത വകുപ്പിന്റെ ഷട്ടില്‍ ബസുകളില്‍ മാത്രമെ ഊട്ടി നഗരത്തിലേക്ക് പോകാനാകു.