LATEST

6/recent/ticker-posts

Header Ads Widget

ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുമായി ബന്ധപ്പെട്ട പൗരത്വ ചട്ടങ്ങളില്‍ സുപ്രധാനമായ ഭേദഗതികളുമായി കേന്ദ്ര സര്‍ക്കാര്‍


ദില്ലി: വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് നല്‍കുന്ന ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാർഡുമായി ബന്ധപ്പെട്ട പൗരത്വ ചട്ടങ്ങളില്‍ സുപ്രധാനമായ ഭേദഗതികളുമായി കേന്ദ്ര സർക്കാർ.


ഒസിഐ രജിസ്‌ട്രേഷൻ നടപടികള്‍ കൂടുതല്‍ ലളിതമാക്കാനും എന്നാല്‍ സുരക്ഷാ മുൻകരുതലുകള്‍ കർശനമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങള്‍. ഇന്ത്യൻ വംശജരായ വിദേശ പൗരന്മാരുടെ പങ്കാളികള്‍ക്കും ഇനി മുതല്‍ ഒ.സി.ഐ കാർഡിനായി അപേക്ഷിക്കാം. എന്നാല്‍ ഇവർ തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്തിട്ട് കുറഞ്ഞത് രണ്ട് വർഷമെങ്കിലും പൂർത്തിയായിരിക്കണം. വിവാഹബന്ധം നിലനില്‍ക്കുന്നിടത്തോളം കാലം മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. മുൻപ് നിലനിന്നിരുന്ന പി.ഐ.ഒ കാർഡും ഒ.സി.ഐ കാർഡും തമ്മിലുള്ള ലയനം ഔദ്യോഗികമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.


ഒ.സി.ഐ കാർഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ താമസിക്കാനും ജോലി ചെയ്യാനും ആജീവനാന്ത വിസ ലഭിക്കുമെങ്കിലും, ചില പ്രത്യേക പ്രവർത്തനങ്ങള്‍ക്ക് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഇന്ത്യയില്‍ പർവതാരോഹണം, മിഷനറി പ്രവർത്തനങ്ങള്‍, ഗവേഷണങ്ങള്‍ , നിരോധിത/സംരക്ഷിത മേഖലകള്‍ സന്ദർശിക്കല്‍ എന്നിവയ്ക്ക് കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടത് നിർബന്ധമാണ്. ഭേദഗതി വരുത്തിയ നിയമപ്രകാരം, രാജ്യത്തിന്റെ പരമാധികാരത്തിനോ സുരക്ഷയ്ക്കോ ഭീഷണിയാകുന്ന രീതിയില്‍ പ്രവർത്തിക്കുന്നവരുടെയോ അല്ലെങ്കില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കാർഡ് കൈക്കലാക്കിയവരുടെയോ ഒ.സി.ഐ രജിസ്‌ട്രേഷൻ റദ്ദാക്കാൻ സർക്കാരിന് കൂടുതല്‍ അധികാരം ലഭിക്കും. എന്നാല്‍ ഇത്തരമൊരു നടപടി എടുക്കുന്നതിന് മുൻപ് ബന്ധപ്പെട്ട വ്യക്തിക്ക് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.


പുതിയ ചട്ടങ്ങള്‍ അനുസരിച്ച്‌, വിദേശത്തുള്ള ഇന്ത്യൻ എംബസികള്‍ വഴിയോ അല്ലെങ്കില്‍ ഇന്ത്യയിലുള്ള ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷൻ ഓഫീസർ വഴിയോ ഒ.സി.ഐ കാർഡിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ നടപടികളില്‍ കൂടുതല്‍ വ്യക്തത വരുത്തിയത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് കരുതപ്പെടുന്നു.

Post a Comment

0 Comments