തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിൽ പൊറുതിമുട്ടി ജനം. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. സാധാരണയെക്കാൾ മൂന്നു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു. പാലക്കാട് ഉയർന്ന താപനില 40°C വരെയും കൊല്ലം 39°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്ന് മുതൽ 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിലാണ് വേനൽ മഴക്ക് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മഴക്ക് സാധ്യത. മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

0 Comments