കുട്ടികളിലെ അമിത സ്മാർട്ട് ഫോൺ ഉപയോഗം കുറച്ച് ക്രിയാത്മകതയും ആശയവിനിമയ പാടവവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രീൻ ഫൗണ്ടേഷൻ ബുക്പ്ലസ് പബ്ലിഷേഴ്സിൻ്റെ സഹകരണത്തോടെ കക്കാടംപുറം ഗ്രീന സ്‌ക്വയറിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് അംഗം അഷ്കർ അലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രീൻ ഫൗണ്ടേഷൻ ജന:സെക്രട്ടറി സത്താർ കുറ്റൂർ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ അഷ്റഫ് പാവിൽ, പി കെ ഉസ്മാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വിദ്യാർത്ഥികളുടെ സമയവും ശ്രദ്ധയും തിരിച്ചുപിടിക്കുന്നതിനായി പ്രധാനമായും മൂന്ന് പരിശീലന സെഷനുകളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്.
ഫോണുകൾ മാറ്റിവെച്ച് വായനയിലൂടെ ശ്രദ്ധ വർദ്ധിപ്പിക്കാൻ പരിശീലിപ്പിക്കുന്ന ഒന്നാം സെഷന് സോഫ്റ്റ് സ്കിൽ ട്രെയിനർ
സനാ കെൻസ് കെ നേതൃത്വം നൽകി. സ്മാർട്ട് ഫോണുകൾ വെറുതെ സ്ക്രോൾ ചെയ്യാതെ കലയ്ക്കും പഠനത്തിനുമായി ക്രിയാത്മകമായി എങ്ങനെ വിനിയോഗിക്കാമെന്ന് വിശദീകരിക്കുന്ന രണ്ടാം സെഷൻ ജസീം റഹ്മാൻ പി.സിയും, രക്ഷിതാക്കളുമായും മറ്റും മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ പ്രാപ്തരാക്കുന്ന മൂന്നാം സെഷൻ നാഫി തിരൂരും നയിച്ചു.
പരിശീലന പരിപാടികൾക്ക് ശേഷം വിദ്യാർത്ഥികൾ ചെമ്മാട് ബുക് പ്ലസ് പബ്ലിഷേഴ്സിന്റെ പ്രസ്സും ഓഫീസും സന്ദർശിച്ചു. പുസ്തക നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളും അച്ചടിയുടെ ചരിത്രവും നേരിട്ട് കണ്ടു മനസ്സിലാക്കാൻ ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി.

0 Comments