സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെൽഫ് ലോക്ക്ഡൗൺ’ സമയമായി കാണണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കണമെന്നും വീടുകളിലും ജോലി സ്ഥലങ്ങളിലും വായുസഞ്ചാരം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്ന സാഹചര്യത്തിൽ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഈർപ്പം കൂടുതലായതിനാൽ മറ്റു ജില്ലകളിലും ചൂടിന്റെ അനുഭവം കൂടുതൽ രൂക്ഷമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ചൂട് വർധിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയാകുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. കൊവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെൽഫ് ലോക്ക്ഡൗൺ’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം.
വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.
പ്രത്യേക ശ്രദ്ധ വേണ്ടവർ: പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആൽബനിസം ബാധിച്ചവരും ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക.
പൊതുപരിപാടികൾക്ക് നിയന്ത്രണം: പകൽ 11 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടുത്ത സാധ്യതകൾക്കെതിരെ കനത്ത കരുതൽ വേണം.
മിണ്ടാപ്രാണികളെ മറക്കരുത്: വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകൽ സമയത്ത് അവയെ മേയാൻ വിടരുത്. കടുത്ത ചൂടിൽ മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാൽ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകൾക്കെതിരെയും ജാഗ്രത വേണം.

0 Comments